ഇന്ത്യൻ പേസർ ജസ്പ്രീത് ഭുംറയെ പരിഹസിച്ച മുൻ പാക് താരം അബ്ദുൽ റസാഖിന് മറുപടിയുമായി മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. ഇത്തരം പ്രസ്താവനകൾക്കൊന്നും ആരാധകർ പ്രതികരിക്കാൻ പോവേണ്ടെന്നും വെറുതെ വായിച്ച് ചിരിച്ചാൽ മാത്രം മതിയെന്നും പത്താൻ പറയുന്നു.
ട്വിറ്ററിലൂടെയാണ് ഇർഫാന്റെ പ്രതികരണം. പാക് താരങ്ങളുടെ പൊതുവെയുളള സ്വഭാവം വ്യക്തമാക്കാൻ ഒരു സംഭവം കൂടി ഇർഫാൻ വിവരിയ്ക്കുന്നുണ്ട്. പണ്ട് തന്നെ കുറിച്ച് പാക് പരിശീലകനായിരുന്ന ജാവേദ് മിയാൻദാദ് പറഞ്ഞ കാര്യമാണ് പത്താൻ ഓർമ്മിപ്പിക്കുന്നത്.
ഇന്ത്യയുടെ പാക് പര്യടനത്തിന് തൊട്ടുമുമ്പ് ഇർഫാൻ പത്താൻ പാകിസ്ഥാന് ഭീഷണിയാവുമോ എന്ന ചോദ്യത്തിന് പാകിസ്ഥാന്റെ ഓരോ ചേരിയിലും ഇതുപോലെ നൂറു കണക്കിന് പത്താൻമാരുണ്ടെന്നായിരുന്നു മിയാൻദാദിന്റെ മറുപടി. പാക് പര്യടനത്തിൽ ടെസ്റ്റിൽ ഹാട്രിക്ക് നേടി പത്താൻ മികവ് കാട്ടുകയും ചെയ്തു.
സജീവ ക്രിക്കറ്റിലുണ്ടായിരുന്നെങ്കിൽ ഇന്ത്യൻ പേസർ ഭുംറയെ നേരിടാൻ തനിക്ക് യാതൊരു ബുദ്ധിമുട്ട് ഉണ്ടാവില്ലായിരുന്നുവെന്നും വസീം അക്രമിനെയും ഗ്ലെൻ മക്ഗ്രാത്തിനെയും ഷൊയൈബ് അക്തറിനെയും പോലുള്ള ഇതിഹാസ ബൗളർമാരെ അപേക്ഷിച്ച് ഭുംറ വെറും ശിശുവാണെന്നുമായിരുന്നു റസാഖിന്റെ പരിഹാസം. താനായിരുന്നെങ്കിൽ ഭുംറയെ അടിച്ചു പറത്തിയേനെയെന്നും റസാഖ് പറയുന്നു.
സച്ചിന്റെ ക്ലാസ് കോഹ്ലിയ്ക്കില്ലെന്നും തങ്ങളൊക്കെ കളിച്ച കാലത്ത് ക്രിക്കറ്റ് മറ്റൊരു തലത്തിലായിരുന്നെന്നും റസാഖ് കൂട്ടിചേർത്തു. 1992-2007 കാലഘട്ടത്തിലെ പോലെ ലോകോത്തര താരങ്ങളെ ഇപ്പോൾ കാണാനില്ലെന്നും ടി20 ക്രിക്കറ്റ് എല്ലാം മാറ്റിമറിച്ചെന്നും റസാഖ് പറയുന്നു. ക്രിക്കറ്റ് പാകിസ്ഥാന് അനുവദിച്ച അഭിമുഖത്തിലാണ് റസാഖ് തന്റെ പരിഹാസം തുറന്ന് വെച്ചത്.