വാടകവീട്ടിൽ നിന്ന് കോവിഡ് ആരോപിച്ച് ഇറക്കിവിട്ടു, സ്‌കൂൾ വരാന്തയിൽ അഭയം തേടി ഹൃദ്രോഗിയായ അച്ഛനും മക്കളും: സങ്കടക്കാഴ്ച

0
33

തിരുവനന്തപുരം: തിരുവനന്തപുരത്തെ വാടകവീട്ടിൽ നിന്ന് കോവിഡുണ്ടെന്ന് ആരോപിച്ച് ഇറക്കിവിട്ട ഹൃദ്രോഗിയായ അച്ഛനും രണ്ടു മക്കളും സ്‌കൂൾ വരാന്തയിൽ അഭയം തേടി. കൊല്ലം സ്വദേശിയായ രാജുവും മക്കളുമാണ് വീട്ടുടമയുടെ ക്രൂര നടപടി കാരണം പെരുവഴിയിലായത്.

ഭക്ഷണത്തിനോ പുതിയ വീട് കണ്ടെത്താനോ പണമില്ല. കുട്ടികളുടെ പഠനവും മുടങ്ങി. ജോഷ്വാ, ഏഴാം ക്ലാസിലും സഹോദരൻ മോശ ഒമ്പതാം ക്ലാസിലുമാണ് പഠിക്കുന്നത്. ജോലി തേടിയാണ് രാജു രണ്ടുമക്കളുമായി തിരുവനന്തപുരത്തെത്തിയത്.

ഭാര്യ വർഷങ്ങൾക്ക് മുമ്പ് മരിച്ചു. കൂലിപണിചെയ്തും ഹോട്ടലിൽ പണിയെടുത്തും കുട്ടികളെ വളർത്തി. പക്ഷെ ലോക്ഡൗൺ എല്ലാം തകർത്തു. ദിവസങ്ങൾക്ക് മുമ്പ് കുട്ടികൾക്ക് പനി പിടിച്ചതോടെ വലിയതുറയിലെ ഒറ്റമുറി വാടക വീട്ടിൽ നിന്നും ഉടമ ഇവരെ ഇറക്കിവിട്ടു.

ഫോർട്ട് സ്‌കൂൾ വരാന്തയിലായിരുന്നു പിന്നെ അഭയം. സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണം കഴിച്ചാണ് ഇവർ ദിവസം തള്ളിനീക്കുന്നത്. ലോക്ഡൗൺ നിയന്ത്രണങ്ങൾ നീക്കിയെങ്കിലും മക്കളെ തനിച്ചു നിർത്താനാകാത്തതിനാൽ രാജുവിന് ജോലിക്ക് പോകാനായിട്ടില്ല.