പത്ത് മിനുട്ട് മുമ്പുവരെ എന്റെയടുത്ത് കിടന്നയാളെ ഇത്ര പെട്ടെന്ന് പോലീസ് പിടിച്ചോ, ഒരു മര്യാദയൊക്കെ വേണ്ടേ സേട്ടാ: വ്യാജ വാർത്തയ്ക്ക് എതിരെ ആഞ്ഞടിച്ച് നടി ജ്യോതി കൃഷ്ണ

0
11

2012 ൽ ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ട് മലയാള സിനിമയിലേക്കെത്തിയ താര സുന്ദരിയാണ് നടി ജ്യോതി കൃഷ്ണ. പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി ജ്യോതി കൃഷ്ണ മാറി. 2013 ൽ ഗോഡ് ഫോർ സെയിൽ, 2014 ൽ ഞാൻ എന്നീ ചിത്രങ്ങളിലെ ജ്യോതിയുടെ അഭിനയം നിരൂപക പ്രശംസ നേടി.

ലൈഫ് ഓഫ് ജോസുട്ടി, ഉന്നം, ആമി എന്നിവയുൾപ്പെടെ പതിഞ്ചോളം ചിത്രങ്ങളിൽ ജ്യോതി കൃഷ്ണ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത് ദുബായിൽ എഫ് എം റേഡിയോയിൽ ജോലി ചെയ്തിരുന്ന സമയത്ത് പരിചയപ്പെട്ട അരുൺ ആനന്ദ് രാജിനെയാണ് ജ്യോതി വിവാഹം ചെയ്തത്. 2017 നവംബർ 19നാണ് നടി വിവാഹിതയാകുന്നത്. നടി രാധികയുടെ സഹോദരൻ അരുൺ രാജയാണ് ജ്യോതി കൃഷ്ണയുടെ ഭർത്താവ്.

വിവാഹശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണ് ജ്യോതികൃഷ്ണ. ഇപ്പോൾ സ്വർണ്ണക്കടത്ത് കേസിൽ ഭർത്താവ് അരുൺ അറസ്റ്റിലായെന്ന വിധത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തയ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ജ്യോതി കൃഷ്ണ.

തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ലൈവിൽ എത്തിയാണ് ജ്യോതികൃഷ്ണ വ്യാജ വാർത്തയ്ക്ക് എതിരെ തുറന്നടിച്ചത്. അരുൺ രാജയെ ക്യാമറയ്ക്ക് മുന്നിൽ നടി എത്തിക്കുന്നുമുണ്ട്. വ്യാജ പ്രചരണത്തിനെതിരെ ദുബായ് പോലീസിനും കേരള പോലീസിനും പരാതി നൽകിയതായും നടി പറയുന്നു.

ഇതേ കുറിച്ച് ജ്യോതികൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ:

രാവിലെ മുതൽ ഫോൺ വിളിയും മെസേജുമായിരുന്നു. ഒരു ഫ്രണ്ടാണ് യൂട്യൂബ് ലിങ്ക് അയച്ചുതന്ന് എന്താണ് സംഭവം എന്ന് ചോദിച്ചത്. പത്ത് മിനുട്ട് മുമ്പുവരെ എന്റെയടുത്ത് കിടന്നയാളെ ഇത്ര പെട്ടെന്ന് പോലീസ് അറസ്റ്റ് ചെയ്തോ എന്ന് ഞാനോർത്തു.

നോക്കിയപ്പോൽ ലിവിംഗ് റൂമിലുണ്ട്. എന്റെ ചേട്ടാ, കുറച്ചൊക്കെ അന്വേഷിച്ച് വാർത്തകൾ ചെയ്യണ്ടേ. രാവിലെ മുതൽ കേൾക്കുന്ന കാര്യമാണ് നടി ജ്യോതികൃഷ്ണയുടെ ഭർത്താവ് അരുൺ അറസ്റ്റിലായി,നടി രാധികയുടെ സഹോദരൻ പിടിയിലായി എന്നൊക്കെയുള്ള സോഷ്യൽ മീഡിയ പ്രചരണം. സോഷ്യൽ മീഡിയ എന്നെ കുറേ കാലം നല്ല രീതിയിൽ കൊന്നിട്ടുണ്ട്.

ഇപ്പോൾ ഒരു രീതിയിലും ബന്ധമില്ലാത്തതാണ് വാർത്തകൾ വന്നിരിക്കുന്നത്. ഞങ്ങൾ സന്തോഷമായി ദുബായിലുണ്ട്. ഈ കേസുമായി ഞങ്ങൾക്ക് ബന്ധമില്ല. ദുബായ് പോലീസിലും നാട്ടിലും കേസ് ഫയൽ ചെയ്തിട്ടുണ്ട്. രാജാ ഗോൾഡ് അരുണിന്റെ കസിന്റെയാണ്. അവരും കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഒരു മര്യാദയൊക്കെ വേണ്ടേ സേട്ടാ എന്ന കാപ്ഷനോടെയാണ് ജ്യോതികൃഷ്ണ ലൈവ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

അതേ സമയം ഇതിനു മുമ്പും ജ്യോതി കൃഷ്ണയ്ക്കെതിരെ നിരവധി വ്യാജ പ്രചരണങ്ങൾ നടന്നിരുന്നു. തന്റെ ഭർത്താവിന്റെ വീട്ടുകാരെയും ബന്ധുക്കളേയും തിരഞ്ഞ് പിടിച്ച് തന്റെ വിവാഹ ജീവിതം തകർക്കാൻ ഫേസ്ബുക്കിലൂടെ ശ്രമിക്കുന്ന ആളെ തുറന്ന് കാട്ടി ജ്യോതി രംഗത്തെത്തിയിരുന്നു.