
വർഷങ്ങൾക്ക് മുമ്പ് സച്ചിനും ഗാംലുലിയുമെല്ലാം റൺസ് വാരിയ ഷാർജയിൽ വർഷങ്ങൾക്കിപ്പുറം ബാറ്റ്കൊണ്ട് ഗർജിച്ചിരിക്കുകയാണ് ഒരു ഇന്ത്യൻ താരം. അത് മറ്റാരുമല്ല മലയാളി താരം സഞ്ജു സാംസൺ ആണ്
ഐപിഎൽ മൽസരങ്ങൾ നടക്കുന്ന ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അവിശ്വസനീയ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്. അതും ഐപിഎല്ലിലെ ഏറ്റവും കരുത്തരായ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ.
32 പന്തുകൾ മാത്രം നേരിട്ട മലയാളി താരം ഒൻപത് കൂറ്റൻ സിക്സുകളും ഒരു ബൗണ്ടറിയും സഹിതം 74 റൺസാണ് അടിച്ച് കൂട്ടിയത്.
ഒരുവേള ലുംഗി നേഗിയും സാം കുറനും ജഡേജയും അടക്കമുളള ചെന്നൈ ബൗളർമാർ സഞ്ജുവിനെ പിടിച്ച് കെട്ടാൻ എന്തുചെയ്യണമെന്ന് അറയാതെ വിഷമിച്ച് നിന്നത് അവിശ്വസനീയ കാഴ്ച്ചയായി. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും സഞ്ജു സിക്സുകൾ പറത്തി എന്നതാണ് ഏറെ ശ്രദ്ധേയം.
ഒന്ന് ക്രീസിന് പുറത്തിറങ്ങുക കൂടി ചെയ്യാതെ അനായാസം സിക്സ് നേടിയ സഞ്ജുവിന്റെ കരുത്ത് സത്യത്തിൽ ഞെട്ടിക്കുന്നത് തന്നെയായിരുന്നു. 19 പന്തിലാണ് സഞ്ജു അർധ സെഞ്ച്വറി തികച്ചത്.
രാജസ്ഥാനായി ഏറ്റവും വേഗത്തിൽ അർധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി മാറി സഞ്ജു. നേരത്തെ ജോസ് ബട്ട്ലർ 18 പന്തിൽ രാജസ്ഥാനായി അർധ സെഞ്ച്വറി നേടിയിരുന്നു.