സിവിൽ പരീക്ഷ എഴുതിയത് ഐഎഎസ് മോഹിച്ച്, കിട്ടിയത് ഐപിഎസ്; തന്നെ തടഞ്ഞ വനിതാ പോലീസുകാരിക്ക് എട്ടിന്റെ പണികൊടുത്ത കൊച്ചിയിലെ വിവാദ ഡിസിപി ഐശ്വര്യ ആരാന്നറിയാമോ

0
373

കൊച്ചി: മഫ്തിയിൽ പൊലീസ് സ്റ്റേഷനിലേക്ക് കയറി വന്ന തന്നെ തടഞ്ഞ വനിതാ പൊലീസുകാരിക്ക് എതിരെ നടപടി എടുത്ത വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് കഴിഞ്ഞ ദിവസം വാർത്തഖളിൽ നിറഞ്ഞു നിന്നിരുന്നത്. തന്നെ തടഞ്ഞെന്ന പേരിൽ പാറാവ് ജോലി ചെയ്തിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ട്രാഫിക്ക് ഡ്യൂട്ടിലേക്ക് മാറ്റി വാർത്തകളിൽ ഇടം നേടിയത് ഡിസിപി ഐശ്വര്യ ഡോങ്റെ എന്ന ഉദ്യോഗസ്ഥ ആയിരുന്നു.

സംഭവത്തിന് പിന്നാലെ ആരാണ് ഐശ്വര്യ ഡോങ്റെ എന്ന് സോഷ്യൽമീഡിയ അന്വേഷണം ആരംഭിച്ചു. 1995ൽ എയർ ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന പ്രശാന്ത് ഡോങ്റെയുടെ മകളായാണ് ഐശ്വര്യയുടെ ജനനം. അമ്മ അഞ്ജലി ഡോങ്റെ. മുംബൈയിലാണ് ജനിച്ചതും വളർന്നതും ഉന്നത വിദ്യാഭ്യാസം നേടിയതും.

മുംബൈ സെന്റ് സേവിയേഴ്സ് കോളേജിൽ ഇക്കണോമിക്സിലും പൊളിറ്റിക്കൽ സയൻസിലും ബിരുദം നേടി. 25കാരിയായ ഐശ്വര്യ അവിവാഹിതയാണ്. ഐഎഎസ് മോഹിച്ചാണ് ഐശ്വര്യ സിവിൽ പരീക്ഷ എഴുതിയത്. ആദ്യ പരിശ്രമത്തിൽ തന്നെ രാജ്യത്തെ 196ാം റാങ്ക് നേടി. ഐഎഎസ് ലഭിച്ചില്ല, തുടർന്ന് ഐപിഎസ് സ്വീകരിക്കുകയായിരുന്നു. കൊവിഡ് കാലത്ത് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറിൽ ഹൃദയം കൊച്ചിയിലെത്തിക്കാൻ നേതൃത്വം നൽകിയ സംഭവത്തോടെ ഐശ്വര്യ ശ്രദ്ധ നേടി.

ഐശ്വര്യയുടെ സമയോജിത ഇടപെടലിനെത്തുടർന്ന് അര മണിക്കൂറിൽ ഹൃദയം കൊച്ചിയിലെത്തിച്ച് ജീവൻ രക്ഷിച്ചു. അന്ന് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറായിരുന്നു ഐശ്വര്യ. ജൂലൈ മാസത്തിൽ പൂന്തുറ കൊവിഡ് ഹോട്ട്സ്പോട്ടായപ്പോൾ, ജനങ്ങളെ ബോധവത്കരിക്കാൻ മുന്നിട്ടിറങ്ങിയും ഐശ്വര്യ ശ്രദ്ധേയയായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊച്ചി സിറ്റി ഡിസിപിയായി ഐശ്വര്യ ചാർജെടുത്തത്. ശേഷം ദിവസങ്ങൾക്കുള്ളിലാണ് വിവാദസംഭവങ്ങൾ അരങ്ങേറിയത്.

മഫ്തിയിൽ പൊലീസ് സ്റ്റേഷനിലേക്ക് കയറി വന്ന തന്നെ തടഞ്ഞ വനിതാ പൊലീസുകാരിക്കെതിരെ ഐശ്വര്യ നടപടി സ്വീകരിക്കുകയായിരുന്നു. എറണാകുളം നോർത്തിലെ വനിതാ സ്റ്റേഷനിലെ പാറാവു ജോലി ചെയ്ത ഉദ്യോഗസ്ഥയെയാണ് ഐശ്വര്യ ട്രാഫിക്കിലേക്ക് സ്ഥലംമാറ്റിയത്.

കഴിഞ്ഞദിവസമാണ് സംഭവം. സ്റ്റേഷനിലേക്ക് ഒരു യുവതി കയറി വന്നപ്പോൾ പാറാവിലുണ്ടായിരുന്ന പൊലീസുകാരി തടഞ്ഞ് കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. യുവതി യൂണിഫോമിൽ അല്ലാത്തതിനാൽ ഡിസിപിയാണെന്ന് വനിതാ പൊലീസിന് മനസിലായില്ല. മാത്രമല്ല, പുതുതായി ചുമതലയേറ്റതിനാൽ മുഖപരിചയവും ഇല്ലായിരുന്നു. പിന്നാലെയാണ് ഡിസിപിയെയാണ് താൻ തടഞ്ഞതെന്ന് വനിതാ പൊലീസിന് മനസിലായത്.

ഡിസിപി ഔദ്യോഗിക വാഹനത്തിൽ വന്നിറങ്ങിയത് ശ്രദ്ധിച്ചില്ലെന്നാണ് ഉദ്യോഗസ്ഥയുടെ മറുപടി. സംഭവത്തിൽ വിശദീകരണം നൽകിയെങ്കിലും തൃപ്തികരമല്ലെന്ന് പറഞ്ഞ് രണ്ടുദിവസത്തേക്ക് ട്രാഫിക്കിലേക്ക് സ്ഥലംമാറ്റുകയായിരുന്നു.

ഡിസിപിയുടെ നടപടിക്കെതിരെ പൊലീസുകാർക്കുള്ളിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്. അടുത്തിടെ ചുമതലയേറ്റ ഡിസിപി യൂണിഫോമിൽ അല്ലാതെ വന്നാൽ എങ്ങനെ തിരിച്ചറിയുമെന്ന് പൊലീസുകാർ ചോദിക്കുന്നു. മാത്രമല്ല, കൊവിഡ് നിയന്ത്രണങ്ങളുള്ളപ്പോൾ സ്റ്റേഷനിലേക്ക് വരുന്നയാളെ ചോദ്യമില്ലാതെ കയറ്റിവിട്ടാൽ അതും കൃത്യവിലോപമായി കാണില്ലേയെന്നും ഇവർ ചോദിക്കുന്നു. അതേസമയം, തന്റെ നടപടിയെ ഐശ്വര്യ ന്യായീകരിക്കുകയാണ് ചെയ്തത്. പാറാവ് ജോലി ഏറെ ജാഗ്രതയോടെ ചെയ്യേണ്ടതാണ്.

ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥയ്ക്ക് ശ്രദ്ധ കുറവുണ്ടായിരുന്നു. ഡിസിപിയായ താൻ ഔദ്യോഗിക വാഹനത്തിൽ വന്നിറങ്ങിയത് അവർ ശ്രദ്ധിച്ചില്ലെന്നും ഐശ്വര്യ പറഞ്ഞു. ട്രാഫിക്കിൽ അവർ നല്ല രീതിയിലാണ് ജോലി ചെയ്യുന്നതെന്നും അതിനെ അഭിനന്ദിക്കുന്നെന്നും ഐശ്വര്യ പറഞ്ഞു.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.