കൂൺ ബിരിയാണിക്കൊപ്പം തമിഴ് സ്‌റ്റൈൽ സാലഡുണ്ടാക്കി രാഹുൽഗാന്ധി; വൈറലായി വിഡിയോ

0
76

തമിഴ്‌നാട്ടിലെ യൂട്യൂബ് ഫുഡ് ചാനൽ വില്ലേജ് കുക്കിങ് പ്രവർത്തകർക്ക് കഴിഞ്ഞ ദിവസം ഒരു വിശിഷ്ട അതിഥിയെ കിട്ടി. മറ്റാരുമല്ല, കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽഗാന്ധിയായിരുന്നു അത്.

സംഘത്തിനൊപ്പം കൂൺ ബിരിയാണി ഉണ്ടാക്കി കഴിക്കുകയും ഉള്ളിയും തൈരും കല്ലുപ്പും ചേർത്ത് സാലഡ് ഉണ്ടാക്കുകയും ചെയ്യുന്ന രാഹുലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒരു ദിവസത്തിനുള്ളിൽ 24 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്.

നീല ടീ ഷർട്ടും പാന്റും ധരിച്ചാണ് രാഹുൽ വില്ലേജ് കുക്കിങ്ങിനായി എത്തിയത്. കൂൺ ബിരിയാണി തയ്യാറാക്കുന്ന തിരക്കിലായിരുന്ന സംഘത്തിനൊപ്പം രാഹുലും കൂടുകയായിരുന്നു. ബിരിയാണിക്കൊപ്പം കഴിക്കാനുള്ള സാലഡ് തയാറാക്കുന്നതിന് രാഹുൽ സംഘത്തെ സഹായിച്ചു. വ്‌ളോഗർമാർ പറയുന്നതുപോലെ ഓരോ ചേരുവയുടേയും പേരെടുത്ത് പറഞ്ഞാണ് രാഹുൽ പാചകം ചെയ്തത്. താൻ വല്ലപ്പോഴും പാചകം ചെയ്യാറുണ്ടെന്നും രാഹുൽ വെളിപ്പെടുത്തി. സാലഡ് ഉണ്ടാക്കുന്നതിനിടെ ഉപ്പ് പാകമാണോ എന്നെല്ലാം ഇടക്കിടെ രാഹുൽ പരിശോധിക്കുന്നുണ്ട്.

മറ്റ് രാജ്യങ്ങളിൽ പോയി പാചകം ചെയ്യുകയാണ് തങ്ങളുടെ സ്വപ്നമെന്ന് സംഘം രാഹുലിനോട് പറഞ്ഞു. അമേരിക്കയിൽ പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച സംഘത്തോട് തന്റെ സുഹൃത്ത് സാം പിട്രോഡയോട് പറഞ്ഞ് അതിനുള്ള ഏർപ്പാടുകൾ ചെയ്യാമെന്ന് രാഹുൽ വാഗ്ദാനം നൽകി.

പിന്നീട് നിലത്തു വിരിച്ച പായയിൽ ഇരുന്ന് ഗ്രാമീണർക്കൊപ്പം ഭക്ഷണം കഴിച്ചു. ഏറെ നേരം ഇവരുമായി സംഭാഷണവും നടത്തി. ഭക്ഷണത്തിന് ശേഷം ‘നല്ലായിറുക്ക്’ എന്ന് തമിഴിൽ അഭിപ്രായവും പറഞ്ഞാണ് രാഹുൽ എഴുന്നേറ്റത്.

7.15 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ഫുഡ് യൂട്യൂബ് ചാനലാണ് വില്ലേജ് കുക്കിങ് ചാനൽ.