വിവാഹം കഴിഞ്ഞ് മധുവിധു ആഘോഷിക്കാനെത്തി ജയിലിലായ ദമ്പതികളുടെ കേസ് വീണ്ടും പരിഗണിക്കാൻ ഖത്തർ പരമോന്നത കോടതി

0
220
Advertisement

വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം മധുവിധു ആഘോഷിക്കാനായാണ് ദമ്പതികൾ ഖത്തറിലെത്തിയത്. ഹണിമൂൺ സ്പോൺസർ ചെയ്ത ബന്ധു ഖത്തറിലുള്ള ഒരു സുഹൃത്തിന് കൈമാറാൻ വേണ്ടി ഇവരുടെ കൈവശം ഏൽപ്പിച്ച പാക്കറ്റിലായിരുന്നു ലഹരിമരുന്ന് ഉണ്ടായിരുന്നത്.

ലഹരിമരുന്ന് കടത്തിയെന്ന് ആരോപിച്ച് ഖത്തറിൽ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ ദമ്പതികളുടെ കേസ് പുനഃപരിശോധിക്കാൻ ഖത്തർ പരമോന്നത കോടതി ഉത്തരവിട്ടു. കേസ് വീണ്ടും പരിഗണിക്കാൻ അപ്പീൽ കോടതിക്ക് നിർദ്ദേശം നൽകി. 10 വർഷം തടവുശിക്ഷയും ഒരു കോടി രൂപ പിഴയുമാണ് ദമ്പതികൾക്ക് കോടതി വിധിച്ചിരുന്നത്.

2019 ജൂലൈയിലാണ് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് മുംബൈ സ്വദേശികളായ മുഹമ്മദ് ഷരീഖിനെയും ഭാര്യ ഒനിബ ഖുറേഷിയെയും പൊലീസ് പിടികൂടുന്നത്. ഇവരുടെ ലഗേജിൽ നിന്ന് 4.1 കിലോഗ്രാം ഹാഷിഷ് പൊലീസ് കണ്ടെത്തി. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷം മധുവിധു ആഘോഷിക്കാനായാണ് ദമ്പതികൾ ഖത്തറിലെത്തിയത്. ഹണിമൂൺ സ്പോൺസർ ചെയ്ത ബന്ധു ഖത്തറിലുള്ള ഒരു സുഹൃത്തിന് കൈമാറാൻ വേണ്ടി ഇവരുടെ കൈവശം ഏൽപ്പിച്ച പാക്കറ്റിലായിരുന്നു ലഹരിമരുന്ന് ഉണ്ടായിരുന്നത്. തന്റെ ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിച്ച സമയത്താണ് ഒനിബയും ഭർത്താവും ഖത്തറിലെത്തിയതും പിന്നീട് ലഹരിമരുന്ന് കടത്തിയെന്ന കേസിൽ ശിക്ഷിക്കപ്പെട്ടതും. കഴിഞ്ഞ വർഷം മാർച്ചിൽ ഖത്തറിൽ വെച്ച് ഒനിബ തൻറെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി.

ഒരു വർഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിൽ മുംബൈ പൊലീസും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും(എൻസിബി) ദമ്പതികൾ നിരപരാധികളാണെന്നും ബന്ധുവായ തബസ്സം ആണ് ഇവരെ കുരുക്കിലാക്കിയതെന്നും കണ്ടെത്തിയിരുന്നു. കഴിഞ്ഞ സെപ്തംബറിൽ തബസ്സവും കൂട്ടാളിയായ നിസാം കാരയും മുംബൈ പൊലീസിന്റെ പിടിയിലായി. ഇവരിൽ നിന്ന് 13 ഗ്രാം കൊക്കെയ്ൻ കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുപ്രധാന വെളിപ്പെടുത്തലുകൾ നടന്നതെന്ന് എൻസിബി ഉദ്യോഗസ്ഥർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ കേസ് വീണ്ടും പരിഗണിക്കാനുള്ള ഖത്തർ പരമോന്നത കോടതിയുടെ ഉത്തരവ് വന്നതോടെ പ്രതീക്ഷയിലാണ് ദമ്പതികളുടെ കുടുംബം.

Advertisement