ഐഎഫ്എഫ്‌കെ രണ്ടാം ദിവസം തിക്കും തിരക്കും ; പ്രേക്ഷകരെ കയ്യിലെടുത്ത് ‘ചുരുളി’

0
76

25ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ രണ്ടാം ദിവസം ടാഗോർ തിയ്യേറ്ററിൽ പ്രദർശിപ്പിച്ച ചുരുളി പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിയുടെ ആദ്യ പ്രദർശനത്തിനു വലിയ രീതിയിലുള്ള തിക്കും തിരക്കുമാണ് അനുഭവപെട്ടത്. മത്സരവിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെ സിനിമയുടെ റിസർവേഷൻ പൂർണമായിരുന്നു.

റിസർവേഷൻ ഇല്ലാതെ തിയ്യേറ്ററിൽ പ്രവേശനമുണ്ടാവില്ലെന്ന് ഇത്തവണത്തെ മേളയുടെ നിബന്ധനയിലുണ്ടായിരുന്നു. ചുരുളി കാണണമെന്ന് ആവശ്യപ്പെട്ട് ഡെലിഗേറ്റുകൾ ബഹളമുണ്ടാക്കി. റിസർവേഷനിലൂടെ സീറ്റുകൾ എല്ലാം മുൻകൂട്ടി ബുക്ക് ചെയ്തതിനാൽ മറ്റുള്ളവരെ തിയ്യേറ്ററിലേക്ക് കടത്തിവിട്ടില്ല. ഇത് വാക്കു തർക്കത്തിന് കാരണമായി.

നിയമവാഴ്ചയുടെ ചുരുളിൽ കുരുങ്ങിയ ജീവിതത്തിന്റെ പരുക്കൻ ചിത്രങ്ങളാണ് ചുരുളി പ്രമേയമാക്കിയത്. വിനയ് ഫോർട്ടാണ് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മുൻ ചിത്രങ്ങളേക്കാൾ ചുരുളി മികച്ചതാണെന്നാണ് പ്രേക്ഷകാഭിപ്രായം.

അസർബൈജാൻ ചിത്രം ബിലേസുവർ, ബ്രസീലിയൻ ചിത്രം മെമ്മറി ഹൗസ്, ബേഡ് വാച്ചിങ്, വിയറ്റ്‌നാം ചിത്രമായ റോം, ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച ഡിയർ കോമ്രേഡ്‌സ്, മലയാളചിത്രങ്ങളായ മ്യൂസിക്കൽ ചെയർ, സീ യു സൂൺ,1956 മധ്യതിരുവിതം കൂർ, മോഹിത് പ്രിയദർശിയുടെ കൊസ എന്നിവയും രണ്ടാം ദിനത്തിൽ മികച്ച പ്രതികരണം നേടി. ചുരുളിയുടെ രണ്ടാമത്തെ പ്രദർശനം ശനിയാഴ്ച വൈകിട്ട് നാലിന് കൈരളി തിയെറ്ററിൽ നടക്കും.

സീറ്റ് റിസർവേഷൻ രാവിലെ ആറു മണി മുതൽ

രാജ്യാന്തര ചലച്ചിത്ര മേളയിലെ സിനിമകളുടെ സീറ്റ് റിസർവേഷൻ രാവിലെ ആറു മണിക്കു ആരംഭിക്കും. തിയ്യേറ്ററുകളിൽ സീറ്റുകൾ പൂർണമാകും വരെയാണ് റിസർവേഷൻ അനുവദിക്കുകയുള്ളൂ. ‘registration.iffk .in’ എന്ന വെബ്‌സൈറ്റ് വഴിയും ചലച്ചിത്ര അക്കാദമിയുടെ ‘ഐ.എഫ്.എഫ്.കെ ‘എന്ന ആപ്പ് വഴിയും സീറ്റുകൾ റിസർവ് ചെയ്യാവുന്നതാണ്.

ചിത്രങ്ങളുടെ പ്രദർശനത്തിന് ഒരു ദിവസം മുൻപേ ആരംഭിക്കുന്ന റിസർവേഷൻ പ്രദർശനത്തിന് ഒരു മണിക്കൂർ മുൻപ് അവസാനിക്കും. മുൻകൂട്ടി സീറ്റുകൾ റിസർവ് ചെയ്യുന്നവർക്ക് മാത്രമേ തിയെറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കൂ. സീറ്റ് നമ്പർ ഇമെയിലായും എസ്.എം .എസ് ആയും ഡെലിഗേറ്റുകൾക്കു ലഭ്യമാക്കും. തെർമൽ സ്‌കാനിങ്ങിന് ശേഷം മാത്രമേ ഡെലിഗേറ്റുകൾക്കു തിയെറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കൂ.