ദൃശ്യം ടു ആമസോണിന് വിറ്റത് 40 കോടിക്ക്? ; മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവം

0
453
Advertisement

മലയാളത്തിൽ ആദ്യമായി 50 കോടി രൂപ ഗ്രോസ് കളക്ഷൻ നേടിയ സിനിമയായ ദൃശ്യത്തിന്റെ
രണ്ടാംഭാഗം ആമസോൺ പ്രൈമിന് വിറ്റത് 40 കോടി രൂപയ്ക്കെന്ന് റിപ്പോർട്ട്. ഒന്നാംഭാഗം മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർഹിറ്റുകളിലൊന്നും മികച്ച ത്രില്ലറും ആണ്. അതിനാൽ രണ്ടാംഭാഗത്തിനായി ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ കാത്തിരിക്കുകയാണ്.

ചൈനീസ് ഭാഷയിൽ റീമേക്ക് ചെയ്ത ആദ്യ മലയാളം സിനിമകൂടിയാണ് ദൃശ്യം. ചിത്രത്തിന്റെ കഥ ലോകത്തിന്റെ ഏത് കോണിലുള്ളവരെയും ആകർഷിക്കുന്നതാണ്. 2013ൽ റിലീസായ ദൃശ്യം അമേരിക്കയിലെ ന്യൂയോർക്കിൽ തുടർച്ചയായി 45 ദിവസമാണ് പ്രദർശിപ്പിച്ചത്. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണത്.

തമിഴിൽ കമൽഹാസൻ പാപനാശം എന്ന പേരിലാണ് ദൃശ്യം റിമേക്ക് ചെയ്തത്. മോഹൻലാലിന്റെ ഭാര്യാ സഹോദരൻ സുരേഷ് ബാലാജിയാണ് ചിത്രം നിർമ്മിച്ചത്. ജിത്തുജോസഫ് തന്നെയാണ് സംവിധാനം നിർവഹിച്ചത്. ചിത്രം കണ്ടിട്ട് ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ കമൽഹാസനെ അഭിനന്ദിച്ചിരുന്നു. ദൃശ്യം അതേപേരിൽ ബോളിവുഡിൽ മൊഴിമാറ്റിയപ്പോൾ അജയ് ദേവ് ഗണായിരുന്നു നായകൻ. ശ്രീയാശരൺ നായികയും. സിനിമ കണ്ടിട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പോലും അന്തംവിട്ട് പോയിരുന്നു. അദ്ദേഹം ട്വിറ്ററിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.

ഇങ്ങിനെ വിവിധ ഭാഷകളിൽ സൂപ്പർഹിറ്റായ ചിത്രത്തിന്റെ രണ്ടാംഭാഗത്തിന് വലിയ വാണിജ്യ മൂല്യമാണുള്ളത്. ഒ.ടി.ടി പ്ലാറ്റ്ഫോമിൽ സബ്ടൈറ്റിലുകൾ ഉപയോഗിക്കുന്നതിൽ ലോകത്തെ ഏത് ഭാഷയിലുള്ളവർക്കും സിനിമ ആസ്വദിക്കാം. ഈ ഘടകങ്ങളാണ് ആമസോണിനെ ചിത്രം വാങ്ങാൻ പ്രേരിപ്പിച്ചത്. മലയാളത്തിൽ ആദ്യമായാണ് ഒരു സൂപ്പർതാരത്തിന്റെ ചിത്രം തീയേറ്ററിന്റെ വെള്ളിവെളിച്ചത്തിൽ പിറക്കാതെ പോകുന്നത്. ആ സിനിമ ലോകമെമ്പാടുമുള്ള സിനിമാ ആസ്വാദകരുടെ വീടിനുള്ളിൽ എത്തിക്കാനായി എന്നതാണ് ആമസോണിന്റെ വിജയം.

Advertisement