കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് ‘പുരുഷനായി’ ; ഇത്തവണ ഞാൻ ഞാനായിട്ട് തന്നെ വോട്ട് ചെയ്തു: ജ്യോത്സ്ന പറയുന്നു

0
22

തൊടുപുഴ കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്‌കൂളിൽ വോട്ട് ചെയ്ത ശേഷം പുറത്തെത്തിയ ട്രാൻസ്‌ജെൻഡർ വോട്ടർ കരിങ്കുന്നം വയലക്കാട്ട് ജ്യോത്സ്‌ന രതീഷ്(39) പറഞ്ഞത് ഇപ്രകാരമാണ്, ‘ ഞാൻ ഞാനായിട്ടു തന്നെ വോട്ടു ചെയ്യുന്നത് ആദ്യമായാണ്. ഒരിക്കലും മറക്കാനാകാത്ത അനുഭവം! അതിയായ സന്തോഷമുണ്ട് ‘…

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ‘പുരുഷനായി’ വോട്ടു രേഖപ്പെടുത്തിയ ജ്യോത്സ്‌നയ്ക്ക് ഇത് സ്വന്തം അസ്തിത്വത്തിലുള്ള ആദ്യ വോട്ടായിരുന്നു. രാവിലെ പങ്കാളിക്കൊപ്പമാണ് കാറിൽ ബൂത്തിലെത്തിയത്. ബൂത്ത് ലവൽ ഓഫിസർ ശോഭന മാത്യു ഇവർക്കായി പൂച്ചെണ്ടു കരുതിയിരുന്നു.

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസും സ്വീകരിക്കാൻ പുറത്ത് കാത്തുനിൽനിന്നു. പിങ്ക് ബൂത്തായ 158-ാം നമ്പർ ബൂത്തിനോടനുബന്ധിച്ചുള്ള ഓക്‌സിലറി ബൂത്തിൽ വോട്ടു ചെയ്ത് മടങ്ങിയെത്തിയപ്പോൾ പുറത്തു കാത്തുനിന്ന ഉദ്യോഗസ്ഥരുടെ വക മധുരവും നൽകി. ട്രാൻസ്‌ജെൻഡറായി വോട്ട് ചെയ്യാൻ കഴിഞ്ഞതിലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്ന് ജ്യോത്സ്‌ന കൂട്ടിചേർത്തു.