‘ഐ ലവ് യു ആശാനേ..’ ഡിക്യുനെ കെട്ടിപിടിച്ച് സണ്ണി ; താരത്തിന്റെ ഹൃദയ സ്പർശിയായ കുറിപ്പ്!

0
12

സിനിമയ്ക്ക് അകത്തും പുറത്തും അടുത്ത സുഹൃത്തുക്കളാണ് നടന്മാരായ സണ്ണി വെയ്നും ദുൽഖർ സൽമാനും. പല അവസരങ്ങളിലും തങ്ങൾ ഉറ്റ സുഹൃത്തുക്കളാണെന്നു ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരുടെയും ബന്ധത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് മനസിലാക്കിത്തരുന്ന ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സണ്ണി.

അനുഗ്രഹീതൻ ആന്റണി എന്ന സിനിമയുടെ വിജയം ആഘോഷമാക്കിയിരിക്കുകയാണ് ഇരുവരും. കേക്ക് മുറിച്ച് വിജയം ആഘോഷിക്കുന്ന ഇരുവരുടെയും ചിത്രവും ഒപ്പം ഒരു കുറിപ്പും സണ്ണി പങ്കുവച്ചു. ”എന്റെ കൂടെ എപ്പോഴും നിന്നതിന്. എന്റെ ഉയർച്ചകളിൽ എന്റെ താഴ്ചകളിൽ എന്റെ കൂടെ നിന്നതിന്.. എന്നെ എപ്പോഴും കൈ പിടിച്ചു കൂടെ നിർത്തിയതിന്… ഐ ലവ് യു ആശാനേ…” എന്നാണ് സണ്ണി ചിത്രത്തിനൊപ്പം കുറിച്ചത്.

ദുൽഖർ സൽമാൻ ആദ്യമായി അഭിനയിച്ച സെക്കൻഡ് ഷോ എന്ന ചിത്രത്തിൽ സണ്ണിയും അഭിനയിച്ചിരുന്നു. അവിടെമുതൽ ഇരുവരും നല്ല സുഹൃത്തുക്കളാണ്. ചിത്രത്തിലെ ഇരുവരുടെയും കോമ്പനേഷൻ ഏറെ ശ്രദ്ധ നേടിയിരുന്നു. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലെ ഡിക്യു – സണ്ണി കോമ്പിനേഷനും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

സണ്ണി വെയ്‌നിനെ നായകനാക്കി നവാഗത സംവിധായകൻ പ്രിൻസ് ജോയ് ഒരുക്കിയ ‘അനുഗ്രഹീതൻ ആന്റണി’ തിയേറ്ററുകളിൽ നിറകയ്യടികളോടെ പ്രദർശനം തുടരുകയാണ്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ഫീൽ ഗുഡ് ഫാമിലി സിനിമാ വിഭാഗത്തിൽപെടുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.