അല്ലുവിന്റെ പിറന്നാൾദിനത്തിൽ ‘പുഷ്പ’ യുടെ അതിഗംഭീര ഇൻട്രൊഡ്യൂസിംഗ് വീഡിയോ

0
14

അല്ലു അർജുന്റെ പിറന്നാൾ ദിവസമായ ഇന്ന് സോഷ്യൽ മീഡിയയിൽ താരത്തിന് ആരാധകരുടെയും സഹപ്രവർത്തകരുടെയും ആശംസപ്രവാഹമാണ്. തെലുങ്ക് നടനാണെങ്കിലും മൊഴിമാറ്റ ചിത്രങ്ങളിലൂടെയും മറ്റും മലയാളികൾക്കിടയിൽ ധാരാളം ആരാധകരുണ്ട് താരത്തിന്.

അല്ലു നായകനാകുന്ന പുതിയ ചിത്രം ‘പുഷ്പ’യുടെ ഇൻട്രൊഡ്യൂസിംഗ് വീഡിയോ പുറത്തിറക്കിയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആശംസ നേർന്നിരിക്കുന്നത്. അല്ലുവിന്റെ ആക്ഷൻ രംഗങ്ങളാണ് വീഡിയോയിലെ ഹൈലൈറ്റ്. ഒരു കോടിയിലധികം കാഴ്ചക്കാരെയാണ് ഇൻട്രൊഡ്യൂസിംഗ് വീഡിയോയ്ക്ക് ലഭിച്ചത്.

ചന്ദനക്കടത്ത് പ്രമേയമാവുന്ന ചിത്രത്തിൽ കള്ളക്കടത്തുകാരൻ പുഷ്പരാജായിട്ടാണ് അല്ലു എത്തുന്നത്. ചിത്രത്തിനുവേണ്ടിയുള്ള അല്ലുവിനെ വ്യത്യസ്തമായ ഗെറ്റപ്പ് നേരത്തേ തന്നെ ചർച്ചയായിരുന്നു. ഫഹദ് ഫാസിലാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. കന്നഡ നടൻ ഡോളി ധനഞ്ജയും മറ്റൊരു പ്രധാനവേഷത്തിലുണ്ട്. രശ്മിക മന്ദാനയാണ് നായിക. ആര്യ, ആര്യ-2 എന്നീ ചിത്രങ്ങൾക്ക് ശേഷം അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഷ്പ.

ദേവി ശ്രീ പ്രസാദിന്റേതാണ് സംഗീതം. മിറോസ്ലോവ് ക്യൂബ ബ്രോസെക് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ്, പീറ്റർ ഹെയ്നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്സ്. മേക്കപ്പ് നാനി ഭാരതി, കോസ്റ്റ്യൂം ദീപലി നൂർ, സഹസംവിധാനം വിഷ്ണു. നവീൻ യെരേനി, വൈ. രവിശങ്കർ എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കുന്നു. മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിൽ മൊഴിമാറ്റിയും ചിത്രം പ്രദർശനത്തിനെത്തു എന്നാണ് റിപ്പോർട്ട്.