കോവിഡ്-19 വൈറസിന്റെ രണ്ടാം വരവ് ഏറെ ഭീതി പടർത്തി മുന്നേറുകയാണ്. രാജ്യം മുഴുവൻ ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ അക്ഷീണം പ്രയത്‌നിക്കുകയാണ്. ഈക്കൂട്ടത്തിലെ മുന്നണി പോരാളികളാണ് ആരോഗൃപവർത്തകർ, നിയമപാലകർ എന്നിവർ. ദിവസങ്ങളോളം രാവും പകലുമില്ലാതെയാണ് ഇവർ ജോലി ചെയ്യുന്നത്. അതിനിടെ തങ്ങളുടെ പല സ്വകാര്യ ആവശ്യങ്ങളും ഇവർക്ക് മാറ്റിവയ്ക്കേണ്ടതായി വന്നിട്ടുണ്ട്. ഇക്കൂട്ടത്തിൽ പെട്ട ഒരാളാണ് രാജസ്ഥാനിലെ പോലീസ് സ്റ്റേഷനിലെ പേര് വെളിപ്പെടുത്താത്ത കോൺസ്റ്റബിൾ.
ദുൻഗർപൂർ പോലീസ് സ്റ്റേഷൻ കോൺസ്റ്റബിൾ ആയ സ്ത്രീയുടെ വിവാഹം ആയിരുന്നു. പക്ഷെ കോവിഡ് കേസുകൾ കൂടിയതോടെ മുൻകൂട്ടി നിശ്ചയിച്ച വിവാഹ അവധി ദിവസങ്ങൾ വെട്ടിക്കുറക്കേണ്ടി വന്നു. ഇതേതുടർന്ന് ഉത്തരേന്ത്യൻ വിവാഹങ്ങളിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഹൽദി ചടങ്ങിന്റെ കാര്യം അനിശിച്ചതത്വത്തിലായി. ലീവ് കിട്ടില്ല എന്നുറപ്പായതോടെ സഹ പ്രവർത്തകർ തന്നെ പോലീസ് സ്റ്റേഷനിൽ ഹൽദി ചടങ്ങ് നടത്താൻ തീരുമാനമായി.
വാഗഡ് ദർശൻ എന്ന് പേരുള്ള ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോയിൽ പോലീസ് കോൺസ്റ്റബിളിന്റെ സഹപ്രവർത്തകർ ഹൽദി ചടങ്ങ് നടത്തുന്നതും മുഖത്ത് മഞ്ഞൾ തേക്കുന്നതും കാണാം. വിവാഹം കഴിക്കാൻ പോകുന്ന പോലീസ് കോൺസ്റ്റബിൾ ഒഴികെ ബാക്കി എല്ലാവരും യൂണിഫോമിലാണ് എന്നതാണ് വീഡിയോയുടെ ഹൈലൈറ്റ്. ഒരു ഘട്ടത്തിൽ സഹപ്രവർത്തകർ വിവാഹം കഴിക്കാൻ പോകുന്ന തങ്ങളുടെ സഹപ്രവർത്തകയെ കസേരയോടെ എടുത്തുയർത്തുന്നതും ആനന്ദ നൃത്തം ചെയ്യുന്നതും കാണാം.
നിരവധി പേരാണ് അനുമോദിച്ച് പ്രതികരണം അറിയിക്കുന്നത്. ഡ്യൂട്ടിക്കിടയിലും ജീവിതത്തിലെ ഒരു പ്രധാന കാര്യം പരിമിതികൾക്കുള്ളിൽ നിന്നും നടത്തിയ പോലീസ് കോൺസ്റ്റബിളിന്റെ സഹപ്രവർത്തകരെ അനുമോദിച്ചാണ് ആളുകൾ രംഗത്തെത്തുന്നത്.