വിസ്മയയുടെ മരണത്തിന്റെ ഞെട്ടലും വ്ദനയും മാറും മുന്നേ ഒരു ജീവൻ കൂടി പൊലിഞ്ഞിരിക്കുന്നു. വള്ളികുന്നത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ലക്ഷ്മിഭവനത്തിൽ വിഷ്ണുവിന്റെ ഭാര്യ സുചിത്ര (19) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ മാർച്ച് 21-നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സുചിത്രയുടെ ഭർത്താവ് വിഷ്ണു സൈനികനാണ്. നിലവിൽ ഇയാൾ ഉത്തരാഖണ്ഡിലാണ് ഉള്ളത്. രാവിലെ 11.30 – യോടെയാണ് സുചിത്രയെ മരിച്ച നിലയിൽ മുറിയ്ക്കുള്ളിൽ കണ്ടെത്തിയത്. ഭർതൃ മാതാവാണ് സുചിത്രയെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് തൊട്ടടുത്തുള്ളവരെയെല്ലാം വിളിച്ച് വരുത്തിയ ശേഷം അടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിൽ വള്ളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവസമയത്ത് സുചിത്രയുടെ ഭർതൃമാതാവും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അടുത്ത ദിവസങ്ങളിലാണ് ലീവ് കഴിഞ്ഞ ശേഷം സൈനികനായ വിഷ്ണു തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചത്. എന്താണ് സുചിത്രയുടെ മരണത്തിന് പിന്നിലെന്നതടക്കം വിശദമായി പരിശോധിച്ച ശേഷം മാത്രമേ പറയാനാകൂ എന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ രണ്ടു ദിവസത്തിനിടെ സമാനരീതിയിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കേസാണിത്. കൊല്ലം ശാസ്താംകോട്ടയിൽ വിസ്മയ, തിരുവനന്തപുരം വെങ്ങാനൂരിൽ അർച്ചന എന്നീ പെൺകുട്ടികളാണ് കഴിഞ്ഞ ദിവസങ്ങളിൽ അസ്വാഭാവിക സാഹചര്യങ്ങളിൽ മരണപ്പെട്ടത്. വിസ്മയയുടെ ഭർത്താവ് കിരൺകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അർച്ചനയുടെ ഭർത്താവ് സുരേഷ് പൊലീസ് കസ്റ്റഡിയിലാണ് ഇപ്പോൾ.