
സ്ത്രീധന പീഡനത്തെ തുടർന്ന് മരിച്ച വിസ്മയുടെ ഭർത്താവ് കിരൺകുമാർ കേസിൽ അറസ്ററിലായിരുന്നു അതിനു പിന്നാലെ ഇപ്പോൾ സസ്പെൻഷനിലായിരിക്കുകയാണ്. കൊല്ലത്ത് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറാണ് കിരൺ. ഗതാഗത മന്ത്രി ആന്റണി രാജുവാണ് നടപടിയെടുത്തതായി അറിയിച്ചത്.
അന്വേഷണ വിധേയമായി ആറുമാസത്തേക്കാണ് നിലവിൽ സസ്പെൻഷൻ. കേസിന്റെ പുരോഗതി അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കും. സംഭവത്തിൽ പഴുതടച്ചുളള അന്വേഷണമുണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. വിസ്മയുടെ മരണത്തിന് പിന്നിൽ നേരിട്ടോ അല്ലാതെയോ ഉൾപ്പെട്ട എല്ലാവരെയും പ്രതിയാക്കും. സത്രീ സുരക്ഷയ്ക്കായി പുതിയ പദ്ധതികൾ ഇനിയും തുടങ്ങുമെന്നും ഡിജിപി അറിയിച്ചു.
സ്ത്രീധന പീഡനത്തിനൊടുവിൽ വിസ്മയ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഭർത്താവ് കിരണിനെ പൊലീസ് അറസ്റ്റു ചെയ്തു. ഗാർഹിക പീഡനം, സ്ത്രീധന പീഡനമരണം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. കിരണിന്റെ ബന്ധുക്കളെയും ചോദ്യംചെയ്യുമെന്നു പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺ കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ ഗാർഹിക, സ്ത്രീധന പീഡനത്തിനു വനിതാ കമ്മിഷനും കേസെടുത്തിട്ടുണ്ട്.
വിസ്മയയെ മുൻപ് മർദിച്ചിട്ടുണ്ടെന്ന് കിരൺ മൊഴി നൽകിയിട്ടുണ്ട്. പക്ഷേ മരിക്കുന്നതിനു തലേന്ന് മർദിച്ചിട്ടില്ലെന്നും കിരൺ പൊലീസിനോട് പറഞ്ഞു. കിരണിന്റെ നിലവിളി കേട്ട് മുറിയിലെത്തിയപ്പോഴാണ് വിസ്മയ മരിച്ചത് കണ്ടതെന്നാണ് കിരണിന്റെ മാതാപിതാക്കൾ പറഞ്ഞിരിക്കുന്നത്.