വിസ്മയ കേസ് : കിരണിനു വേണ്ടി ബിഎ ആളൂർ ഹാജരായി ; ജാമ്യഹർജിയിൽ വിധി 5ന്

0
124
Advertisement

സ്ത്രീധന പീഡനം മൂലം മരണപ്പെട്ട വിസ്മയ കേസിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് എസ്.കിരൺകുമാറിന്റെ ജാമ്യാപേക്ഷയിൽ ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 5നു വിധി പറയും. കിരൺ സമർപ്പിച്ച ജാമ്യഹർജിയെ പ്രോസിക്യൂഷൻ എതിർത്തു. വിസ്മയയുടെ മരണത്തിൽ കിരണിനു പങ്കില്ലെന്ന കുടുംബത്തിന്റെ നിലപാട് തന്നെയാണ് ജാമ്യഹർജിയിലും ആവർത്തിച്ചത്. ഇതിനെയെല്ലാം എതിർത്ത അസി. പബ്ലിക് പ്രോസിക്യൂട്ടർ കാവ്യാ നായർ, കേസിന്റെ അന്വേഷണം ഗൗരവമായി നടക്കുകയാണെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും വാദിച്ചു.

അന്വേഷണം പാതിവഴിയിൽ എത്തിയപ്പോഴാണ് കിരണിനു കോവിഡ് ബാധിച്ചത്. നെയ്യാറ്റിൻകര സബ് ജയിലിൽ കഴിയുന്ന കിരണിനെ രോഗമുക്തനാകുമ്പോൾ തെളിവെടുപ്പിനായി വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങണം. വിസ്മയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നു പോലും സ്ഥിരീകരിച്ചിട്ടില്ല. ഇരു ഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് വിധി പറയാൻ 5ലേക്ക് ഹർജി മാറ്റിയത്. ഷൊർണൂർ സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായിരുന്ന ബി.എ. ആളൂരാണ് ഇന്നലെ കിരണിനു വേണ്ടി കോടതിയിൽ ഹാജരായത്. കിരണിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കോടതിയിൽ എത്തിയിരുന്നു.

ജാമ്യഹർജിയിൽ വാദം നടക്കുമ്പോഴും അന്വേഷണസംഘം പൂർണമായും തെളിവു ശേഖരിക്കുന്ന തിരക്കിലായിരുന്നു. ശാസ്ത്രീയ തെളിവുകൾ, സാങ്കേതിക തെളിവുകൾ, സാക്ഷിമൊഴികൾ എന്നിവ പരമാവധി ശേഖരിക്കുകയാണ് അന്വേഷണസംഘം. വിസ്മയ തൂങ്ങിമരിച്ചുവെന്ന കിരൺ പറയുന്ന ശുചിമുറിയിലും കിടപ്പുമുറിയിലും പരിശോധന നടത്തിയ ഫോറൻസിക് വിദഗ്ധരുടെ റിപ്പോർട്ട്, ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം എന്നിവ കേസിൽ നിർണായകമാണ്. ഇതിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം. കിരണുമായി അടുത്ത് ഇടപഴകിയ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ കോവിഡ് പരിശോധനയ്ക്ക് വിധേയരായി. ഈ ആഴ്ച തന്നെ പുതിയ അന്വേഷണസംഘം കേസിന്റെ ചുമതല ഏറ്റെടുക്കുമെന്നാണ് അറിയുന്നത്.

Advertisement