തമിഴ്‌നാട്ടിലെ പെരിയകുളത്ത് സംസ്‌കാര സമയത്തു ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞ് ആശുപത്രിയിലെത്തിച്ച പിഞ്ചുകുഞ്ഞ് തേനി മെഡിക്കൽ കോളജിൽ മരണത്തിനു കീഴടങ്ങി.
മരിച്ചെന്നു കരുതി ഒരു പ്ലാസ്റ്റിക് ബക്കറ്റിലാക്കി ആശുപത്രിക്കാർ കൊടുത്തുവിട്ട ചോരക്കുഞ്ഞിന് വീട്ടിലെത്തിയപ്പോൾ ജീവന്റെ തുടിപ്പ് കണ്ടെത്തുകയായിരുന്നു. 700 ഗ്രാം മാത്രം തൂക്കവുമായി, മാസം തികയാതെ പിറന്ന പെൺകുഞ്ഞിനെ ശവപ്പെട്ടിയിലാക്കി കണ്ണീരോടെ വീട്ടുകാർ നോക്കുമ്പോഴാണ് കുഞ്ഞിക്കൈകൾ അനങ്ങുന്നത് കണ്ടത്. ഉടൻ തന്നെ തേനി മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. പക്ഷേ മണിക്കൂറുകൾക്കകം കുഞ്ഞിന്റെ ആരോഗ്യനില വഷളാകുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തു.
തമിഴ്‌നാട് പെരിയകുളം സ്വദേശിയായ പിളവൽ രാജിന്റെ ഭാര്യ ആരോഗ്യ മേരി ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാണു കുഞ്ഞിനു ജന്മം നൽകിയത്. ഗർഭത്തിന്റെ ആറാം മാസമായിരുന്നു പ്രസവം. രാവിലെ എട്ടരയോടെ ആശുപത്രി അധികൃതർ പിളവൽ രാജിനെ വിളിച്ച് കുട്ടി മരിച്ചു പോയതായി അറിയിച്ചു. മൂടിയുള്ള ഒരു പ്ലാസ്റ്റിക് ബക്കറ്റിലാക്കി കുഞ്ഞിനെ വീട്ടിലേക്കു കൊടുത്തുവിട്ടു. വീട്ടിലെത്തി കുഞ്ഞിനെ ബക്കറ്റിൽ നിന്നെടുത്തു സംസ്‌കാര ശുശ്രൂഷയ്ക്കു ശേഷം പെട്ടി അടയ്ക്കാൻ തുടങ്ങുമ്പോഴായിരുന്നു കൈകൾ ചലിച്ചത്.