തക്കാളിക്ക് പൊന്നുംവില; ഈ സിനിമയുടെ ക്ലൈമാക്‌സിലെ ആക്ഷൻ സീൻ മുഴുവൻ തക്കാളിയിലും! മൈസൂരിൽ നിന്നെത്തിച്ചത് 10 ടൺ തക്കാളി

0
53

ഒരു കിലോ തക്കാളിക്ക് ഇപ്പോൾ പൊന്നും വില കൊടുക്കേണ്ടി വരുന്ന അവസ്ഥയാണ്. ഈ സമയത്ത് സിനിമയ്ക്ക് വേണ്ടി 10 ടൺ തക്കാളി ഇറക്കുമതി ചെയ്താൽ എങ്ങനെ ഇരിക്കും. അത്തരത്തിലൊരു സിനിമ മലയാളത്തിൽ ഇറങ്ങുകയാണ്. ടി അരുൺകുമാർ കഥയും തിരക്കഥയും എഴുതി സജീവൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ലാ ടൊമാറ്റിന എന്ന ചിത്രത്തിന്റെ ക്ളൈമാക്‌സിന് വേണ്ടിയാണ് പത്ത് ടൺ തക്കാളിയാണ്.

മലയാള സിനിമയിൽ ഇതാദ്യമായാണ് ഇത്തരത്തിൽ ടൊമാറ്റോ ഫെസ്റ്റിവൽ കേരളത്തിൽ ചിത്രീകരിക്കുന്നത് എന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. നടൻ ജോയ് മാത്യുവാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതായി അണിയറ പ്രവർത്തകർ പറയുന്നു. ലാ ടൊമാറ്റിന ഒരു പൊളിറ്റിക്കൽ ത്രില്ലറാണെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ടി അരുൺ കുമാർ വെളിപ്പെടുത്തി.

ഒരു ജനാധിപത്യ സ്വഭാവമുള്ള നാട്ടിൽ വ്യക്തികളുടെ സ്വകാര്യത തന്നെ ഹനിക്കത്തക്ക വിധത്തിൽ സ്വാതന്ത്ര്യത്തിലേക്ക് നുഴഞ്ഞുകയറാൻ പര്യാപ്തമായ ചില നിഗൂഢ ശക്തികളുടെയും അവയുടെ നിരീക്ഷണത്തിലാക്കപ്പെട്ടവരുടെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മലയാള സിനിമയിൽ ഇന്നേവരെ കാണാത്ത സീക്വൻസ് ആയിരിക്കും പ്രേക്ഷകർക്ക് അനുഭവപ്പെടുക.

ക്ലൈമാക്‌സിലെ ആക്ഷൻ സീൻ മുഴുവൻ തക്കാളി ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്. മലയാള സിനിമയിൽ തന്നെ ഇത് ആദ്യമാണ്. സ്പെയിനിൽ എല്ലാവർഷവും നടക്കുന്ന വളരെ പ്രശസ്തമായ ഫെസ്റ്റിവലാണ് ലാ ടൊമാറ്റിന ഇതിനെ ഓർമ്മയിലേക്ക് കൊണ്ടുവരുന്ന രീതിയിലാണ് ചിത്രത്തിന്റെ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. അഞ്ചു കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. ജോയ് മാത്യു നായകനാകുന്ന ചിത്രത്തിൽ കോട്ടയം നസീർ, ശ്രീജിത്ത് രവി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ശ്രീജിത്ത് രവി കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിട്ടാണ് ഈ സിനിമയിൽ എത്തുന്നത്. ലണ്ടനിൽ സ്ഥിരതാമസമാക്കിയ പുതുമുഖ താരം മരിയ തോംസൺ ആണ് ചിത്രത്തിലെ നായിക. രമേശ് രാജശേഖരൻ എന്ന മറ്റൊരു പുതുമുഖ താരവും ചിത്രത്തിലുണ്ട്. പത്ത് ടൺ തക്കാളി മൈസൂരിൽ നിന്നും എത്തിച്ചതിന്റെ പിന്നിലും ഒരു കാരണമുണ്ട്. മൈസൂർ തക്കാളിക്ക് നിറവും ചാറും കൂടുതലുണ്ടാകും എന്നുള്ളതുകൊണ്ടാണ് മൈസൂരിൽ നിന്ന് തക്കാളി എത്തിച്ചതെന്ന് ടി അരുൺ കുമാർ പറഞ്ഞു. സിന്ധു എം ആണ് നിർമാണം.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.