മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ സൈനികർ രക്ഷപെടുത്തി, യുവാവിനെ മലമുകളിൽ എത്തിച്ചു, വെളളവും ഭക്ഷണവും നൽകി, ഇന്ത്യൻ സേനയ്ക്ക് കൈയ്യടിച്ച് മലയാളികൾ

0
121

മലമ്പുഴ ചെറാട് എലിച്ചിരം കൂമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി മലയുടെ മുകളിൽ എത്തിച്ചു. നേരത്തെ യുവാവിന്റെ അടുക്കലെത്തിയ സൈന്യം ബാബുവിന് വെള്ളവും ഭക്ഷണവും നൽകിയിരുന്നു.

പിന്നീട് സുരക്ഷാ ബെൽറ്റ് ധരിപ്പിച്ച് ബാബുവിനെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങുക ആയിരുന്നു. മലയുടെ മുകളിലേക്ക് കയറ്റി രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയത്. ഇത് വിജയം കണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ മലയിടുക്കിൽ കുടുങ്ങിയ ബാബു ഇതിനകം രണ്ട് രാത്രിയും ഒന്നര പകലുമായി 45 മണിക്കൂറോളം മലയിടുക്കിൽ കഴിഞ്ഞു.

പകൽ സമയത്തെ കടുത്ത ചൂടും രാത്രിയിലെ തണുപ്പും സഹിച്ച് മലയിടുക്കിൽ കഴിഞ്ഞുവെങ്കിലും ബാബു ആരോഗ്യവാനാണെന്നത് രക്ഷാപ്രവർത്തനത്തിന് ഏറെ ആശ്വാസകരമായി. വളരെ സൂക്ഷ്മതയോടെയാണ് സൈനികനും ബാബുവും ഓരോ ചുവടും വച്ച് മുകളിലേക്ക് കയറിയത്.

ഇടയ്ക്ക് പാറക്കെട്ടിൽ ഇരുന്ന് ഓരോ ചുവടും സുരക്ഷിതമാണെന്ന ഉറപ്പുവരുത്തിയാണ് മുകളിലേക്ക് കയറിയത്. ബാബു കുടുങ്ങിക്കിടന്ന മലയിടുക്കിൽ നിന്ന് മുകളിലേക്ക് എത്താൻ ഒരു മണിക്കൂർ സമയമാണ് എടുത്തത്.

അതേ സമയം മലമുകളിൽ നിന്ന് നാല് മണിക്കൂറോളം നടന്നാലെ പുറത്തെത്താൻ കഴിയു. അതിനാൽ മലമുകളിൽ നിന്ന് ഹെലികോപ്ടർ വഴി ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്. പർവ്വ താരോഹകർ അടങ്ങുന്ന വിദഗ്ധ സംഘമാണ് ബാബുവിന്റെ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

പ്രതികൂല കാലാവസ്ഥയിൽ പോലീസിനും അഗ്‌നിശമനസേനയ്ക്കും എൻഡിആർഎഫിനും നേവി ഹെലി കോപ്ടറിനും രക്ഷാപ്രവർത്തനം ദുഷ്‌കരമായതോടെ ഇന്നലെ രാത്രി 11മണിയോടെ കുനൂർ വെല്ലിംഗ്ടണിൽ നിന്നുള്ള കരസേന സംഘം മലമ്പുഴയിലെത്തിയത്. രാത്രി 11.30 ഓടെ സൈന്യം മലകയറി തുടങ്ങി.

വന്യമൃഗങ്ങൾ ഉള്ള മേഖലയിലൂടെ കരുതലോടെയായിരുന്നു സേനയുടെ നീക്കം. മലമുകളിൽ എത്തിയ ശേഷം രാവിലെ രക്ഷപ്പെടുത്തുമെന്ന് സൈന്യം ബാബുവിന് പ്രതീക്ഷ നൽകി. പുലർച്ചെ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.

മലമ്പുഴ ചെറാട് സ്വദേശി റഷീദയുടെ മകനാണ് അപകടത്തിൽപെട്ട് ബാബു (23). ചെറാട് നിന്ന് ആറു കിലോമീറ്റർ അകലെയാണ് ചെങ്കുത്തായ കുമ്പാച്ചി മല. ആയിരം മീറ്ററോളം ഉയരമുള്ള മലയിൽ കഷ്ടിച്ച് മൂന്നടി നീളമുള്ള മലയിടുക്കിലാണ് ബാബു കുടുങ്ങിക്കിടന്നത്. കൂട്ടുകാരോടൊപ്പം ട്രക്കിങ്ങിനായി മലകയറിയ ബാബു അബദ്ധത്തിൽ മലയിടുക്കിലേക്ക് വീഴുകയായിരുന്നു.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.