ഒടുവിൽ ഏറെ നാളായി ആരാധകർ കാത്തിരുന്നത് സംഭവിക്കുന്നു. ആരാധകരെ ആവേശത്തിൽ ആഴ്ത്തി മലയാളത്തിന്റെ താരരാജാവ് മോഹൻലാലും തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ സാകാഷാൽ രജനീകാന്തും ആദ്യമായി ബിഗ് സ്‌ക്രീനിൽ ഒരുമിച്ചെത്തുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഇത് സംബന്ധിച്ച് ചില വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും സംഗതി സത്യമാണെന്ന് ഇപ്പോൾ നിർമ്മാതാക്കൾ സമ്മതിച്ചിരിക്കുകയാണ്. നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് ഇത് സംബന്ധിച്ച് ഒഫിഷ്യൽ അനൗൺസ്മെന്റ് നടത്തിയിരിക്കുകയാണ്.
തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളായ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ എന്ന സിനിമയിലാണ് രജനിക്കൊപ്പം മോഹൻലാലും എത്തുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ ഒരു സ്റ്റില്ലും നിർമ്മാതാക്കൾ ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
ഹാഫ് സ്ലീവ് പ്രിന്റഡ് ഷർട്ടും പ്ലെയിൻ ഗ്ലാസും കൈയ്യിൽ ഒരു ഇടിവളയുമായി സ്റ്റൈലിഷ് ഗെറ്റപ്പിലുള്ള മോഹൻലാലിന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. സിനിമയിൽ മോഹൻലാലിന് ഒരു പ്രാധാന്യമുള്ള അതിഥിവേഷം ആണെന്നാണ് അറിയുന്നത്.
എന്നാൽ മോഹൻലാലിന്റെ വേഷത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും എത്തിയിട്ടില്ല. ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ജയിലർ. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്.
ശിവരാജ്കുമാർ, രമ്യ കൃഷ്ണൻ, വിനായകൻ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് കാർത്തിക് കണ്ണൻ ആണ്.
സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ. അണ്ണാത്തെയ്ക്കു ശേഷം എത്തുന്ന രജനീകാന്ത് ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥയും നെൽസൺ ആണ് രചിച്ചിരിക്കുന്നത്.
Lalettan @mohanlal from the sets of #Jailer 🤩@rajinikanth @Nelsondilpkumar @anirudhofficial pic.twitter.com/wifqNLPyKf
— Sun Pictures (@sunpictures) January 8, 2023
Also Read
സ്വാസികയ്ക്ക് പരസ്യ ചുംബനം നൽകി അലൻസിയർ, വിമർശനവുമായി ആരാധകർ